വിവാഹത്തിന്റെ ഈ ആറാം വാര്‍ഷികത്തിന് ഇംഗ്ലീഷില്‍ എന്തെങ്കിലും എഴുതാമെന്ന് കരുതി ഞാന്‍ ഒരു പത്തു തവണ ഇരുന്നു. അപ്പൊ മനസിലായി എന്റെ കഥ മലയാളത്തില്‍ എഴുതിയാലേ ഒരു ഗും കിട്ടു.
ഇന്നേക്ക് ആറു കൊല്ലം മുന്‍പ് ഒരു ഏപ്രില്‍ പത്തിനാണ് ഞാന്‍ സുമങ്കലനയത് (സോറി `ഗ` കിട്ടുന്നില്ല. പണ്ടാര ഗൂഗിള്‍ ഫോണ്ട്!). എനിക്ക് അന്ന് 25 വയസ്സ്.
പദ്മപ്രിയ ഇന്നത്തെ പോലെ തന്നെ നല്ല വെളുത്തിട്ടായിരുന്നു. ഞാന്‍ ഇപ്പോഴത്തെ പോലെ തന്നെ. ഞങ്ങടെ കല്യാണ വാര്‍ത്ത അറിഞ്ഞ ഒരു ഫ്രണ്ട് പറഞ്ഞു "കൊള്ളാം.. നിങ്ങള്കുണ്ടാകുന്ന പിള്ളേര് ചെസ്സ് ബോര്‍ഡ്പോലെ ആയിരിക്കും.".
അന്നൊന്നും ഇന്നത്തെ പോലെ അല്ല. പ്രണയ വിവാഹം പുറത്തു പറയില്ല. ആരേലും ചോദിച്ചാ പറയും - "ഓ അവര്‍ ഒരു കോളേജില്‍ പഠിച്ചതെങ്കിലും പരസ്പരം കണ്ടിട്ടില്ല". ഓ ശരി, എല്ലാരും വിശ്വസിക്കും. എന്തായാലും രണ്ടു വീട്ടുകാരും ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. എല്ലാരേം പറ്റികാന്‍ ഒരു പെണ്ണ് കാണല്‍ ചടങ്ങ് റെഡി ആക്കി. അടുത്ത ബന്ധുക്കളുമായി പെണ്ണ് കാണാന്‍ വരാന്‍ അച്ഛനോട് പ്രിയയുടെ അച്ഛന് പറഞ്ഞു. കേട്ട പാതി കേള്കാത്ത പാതി ഞാന്‍ ബാംഗ്ലൂരില്‍ നിന്ന് കല്ലടെടെ ബസ്സില്‍ കേറി പുറപെട്ടു. വീട്ടില്‍ എത്തിയപ്പോ കൂലങ്കഷമായ ചര്‍ച്ച. അടുത്ത ബന്ധുകള്‍ എന്നല്ലേ പറഞ്ഞുള്ളൂ. എത്ര പേരെന്ന് പറഞ്ഞില്ലല്ലോ. അമ്മ പറഞ്ഞു "നമ്മുടെ സൈഡില്‍ എത്രപേര്‍ ഉണ്ടെന്നു കാണിക്കാന്‍ പറ്റിയ അവസരം." അങ്ങനെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ കൂടെ കൊണ്ട് പോകാന്‍ പറ്റിയ അടുത്ത അമ്പതു ബന്ധുകളെ തിരഞ്ഞെടുത്തു. അതില്‍ പന്ത്രെണ്ട് പേരെ എനിക്ക് കണ്ടു പരിചയമുണ്ട്. അച്ഛന് പറഞ്ഞു "നിനക്കറിയാത്തവരെ നീ ചുമ്മാ കേറി അങ്കിള്‍ ആന്റി എന്ന് വിളിച്ചാല്‍ മതി". ഞാന്‍ പറഞ്ഞു "നോ ബിഗ് ഡീല്‍ അച്ഛാ." അടുത്ത ദിവസം ആറു കാറും അതിനിടയില്‍ ഒരു ബോറ് കാറുമായി ഞങ്ങള്‍ പെണ്ണ് വീട്ടില്‍ എത്തി. പോകുന്ന വഴി കാറോടിച്ച "അങ്കിള്‍"നോട് കുറച്ചു വിശേഷം പറഞ്ഞു കഴിഞ്ഞപ്പോ മനസിലായി, പുള്ളി കാറോടിക്കാന്‍ വന്ന ഡ്രൈവര്‍ ആണെന്ന്. ഭാഗ്യം ആ കാറില്‍ ഉണ്ടായിരുന്ന എട്ടു പേരല്ലാതെ വേറെ ആരും കണ്ടില്ല ഞാന്‍ ചമ്മിയത്. അവിടെയെത്തിയ എന്റെ കണ്ണ് തള്ളി. പെണ്ണ് വീട്ടില്‍ ഒരു അമ്പതു പേര് വേറെ!! എല്ലാവര്ക്കും കൂടി എന്തായാലും ഒരുമിച്ചു വീടിനകത്ത് നില്കാന് പറ്റില്ല. അപ്പൊ ഇവിടെയും ഇന്നലെ രാത്രി മീറ്റിംഗ് ഉണ്ടായിരുന്നു. ബെസ്റ്റ്!
കല്യാണ ഒരുക്കങ്ങള്‍ ഉടന്‍തന്നെ തുടങ്ങി. നാല് ദിക്കിലേക്കും കല്യാണം വിളിച്ചു ആള്കാര് പോയി. ചില സ്ഥലങ്ങളില്‍ വിളിക്കാന്‍ അച്ഛനും അമ്മയും പോയി. വരണം എന്ന് നിര്‍ബന്ധം ഇല്ലാത്ത ആള്കാരെ വിളിക്കാന്‍ മാമനെ വിട്ടു. വരരുത് എന്നുള്ളവരെ എന്നെ കൊണ്ട് ഫോണ്‍ ചെയ്യിച്ചു. ഒരു നായരായി ജനിച്ചതിന്റെ ബുദ്ധിമുട്ട് അന്ന് മനസിലായി. ആരെ കണ്ടാലും പറഞ്ഞു വരുമ്പോ ബന്ധു. വിളിച്ചു വിളിച്ചു ഒരായിരത്തി അഞ്ഞൂറ് പേരെ വിളിച്ചു. പ്രിയയുടെ വീട്ടുകാരും വിട്ടു കൊടുത്തില്ല. അവരും വിളിച്ചു ഒരായിരത്തി അഞ്ഞൂറ് പേരെ.
ഞങ്ങളുടെ കല്യാണം ഒരു സെലെബ്രിടി കല്യാണമായി മാറി. മണ്ഡപം ജനങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ചൂടത്ത് ഞാന്‍ വിയര്‍ത്തു കുളിച്ചു. വിളിച്ച ആള്കാരെ പോരാഞ്ഞു കോളേജില്‍ കൂടെ പഠിച്ച ഒരു അമ്പതു പേരും കൂടി വന്നു. ഞങ്ങളോടപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ റേഷന്‍ കടയിലെ പോലെ ക്യൂ ആയി. വെടി കൊണ്ട പോലെ അച്ഛന് ഓടി നടന്നു കാര്യങ്ങള്‍ കുളമാക്കി. എനിക്ക് തോന്നി "എത്രയോ പേരെ വിളിച്ചില്ല, ഈ അച്ഛനെ കൂടി ഒഴിവാക്കാമായിരുന്നു".
ഇതിനിടെ ആരോ പറഞ്ഞറിഞ്ഞു "ആയിരം പേര് കഴിച്ചു കഴിഞ്ഞപ്പോ ചോറ് തീര്‍ന്നു. വല്ല വിധേനയും ചോറ് റെഡി ആക്കിയപ്പോ ഇല തീര്‍ന്നു. ഇല മേടിക്കാന്‍ ആള് പോയിട്ടുണ്ട്.". എന്റെ തല കറങ്ങി. ഇനി എനിക്ക് ചോറ് കിട്ടില്ലേ? കല്യാണത്തിനു പണ്ടേ പോകുന്നത് സദ്യ കഴിക്കാനാണ്.
ഇതിനിടയില്‍ ഫോട്ടോ എടുക്കല്‍ തകൃതിയായി തുടര്‍ന്നു. വീഡിയോഗ്രാഫെര് രാജുചേട്ടന് പറഞ്ഞു "രാജേഷേ ഇനി നിങ്ങള്‍ രണ്ടു പേരും മേളിലേക്ക് നോക്ക്, അവിടെ ഞാന്‍ ഒരു പാട്ടിടും. 'തങ്കതിങ്കള്‍ വാനിലുയര്‍ത്തും ..' ". ഞാന്‍ മുകളിലേക്ക് നോക്കി "ഈശ്വര, നീ ഇതൊന്നും കാണുന്നില്ലേ?".
ഇതിനിടെക്ക് ആരോ വന്നു പറഞ്ഞു "ബോളി തീര്‍ന്നു". എന്റെ കണ്ണ് നിറഞ്ഞു. ബോളി ഇല്ലെങ്കില്‍ എനിക്കീ കല്യാണം വേണ്ട. അല്ലെങ്കി പോട്ടെ. ഇത്ര മിനകെട്ടു കല്യാണം സെറ്റപ്പ് ആക്കിയതല്ലേ.
ഫോട്ടോക്ക് വേണ്ടി ചിരിച്ചു ചിരിച്ചു എന്റെ കവിളുളുക്കി.
അങ്ങനെ ഒരു രണ്ടു മണിക്കൂര്‍ പോയി കിട്ടി. അവസാനം ഞാന്‍ പ്രതീക്ഷിച്ച നിമിഷമെത്തി. അച്ഛന് വന്നു പറഞ്ഞു "മോനെ ഇനി നിങ്ങള്‍ കഴിക്കാന്‍ വരൂ.". കമ്മീഷണര്‍ സിനിമയില്‍ സുരേഷ്ഗോപി നടന്ന പോലെ ഞാന്‍ പ്രിയയും കൊണ്ട് നേരെ സദ്യ കഴിക്കാന്‍ പുറപെട്ടു. ഒരു ചേട്ടന് വന്നു ഇല ഇട്ടു. വേറെ ആരോ ചോറും കറിയും വിളമ്പി. രാജുചേട്ടന് വീഡിയോക്യാമറ ഓണ്‍ ചെയ്തു. കൂടെ വന്ന മറ്റവന് ഫ്ലാഷും ഓണ്‍ ചെയ്തു. പരിപ്പൊഴിച്ചു ഒരുരുള ഞാന്‍ വായില്‍ കൊണ്ട് പോകുന്നത് അവര്‍ ക്ലോസ്സപ്പില്‍ ഫോളോ ചെയ്തു. ആ ഉരുള ഞാന്‍ വിഴുങ്ങിയതും അച്ഛന് പറഞ്ഞു "മോനെ മതി എഴുന്നെക്ക്. വീഡിയോക്ക് വേണ്ടി കഴിപ്പിച്ചതാ. ബാക്കി പിന്നെ". ഞാന്‍ അറിയാതെ ചോദിച്ചു "പിന്നെ എപ്പോ? അടുത്ത കല്യാണം കഴികുമ്പോഴോ?". അച്ഛന് കണ്ണുരുട്ടി. അത് കണ്ടു പ്രിയ ചിരിയോചിരി.
സമീഹ് എന്നാ ഒരു കൂട്ടുകാരനായിരുന്നു ഞങ്ങളുടെ ഒഫീഷ്യല്‍ ഡ്രൈവര്‍. അവന്റെ ഹ്യുണ്ടായ് ആക്സെന്റില്‍ ഞങ്ങള്‍ വീട്ടിലേക്കു യാത്രതിരിച്ചു.
സദ്യ കഴിക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ക്കുന്നതായിരുന്നു പിന്നത്തെ ഒരു രണ്ടാഴ്ച. വിരുന്നോട് വിരുന്നു. ചിക്കന്‍ കണ്ടാല്‍ ഇറങ്ങി ഓടുന്ന അവസ്ഥയായി.
ഏതാനും ആഴ്ചകളുടെ തീറ്റയും കുടിയും കഴിഞ്ഞു ഞാനും പ്രിയയും എന്റെ അധോലോകമായ ബാംഗ്ലൂര്‍ ലക്ഷ്യമാക്കി ബസില്‍ കേറി. ബാംഗ്ലൂരില്‍ എത്തിയ പാടെ പ്രിയ അടുക്കളയില്‍ കേറി. ഇന്നും അവള് മിക്കനേരവും അവിടെ തന്നെ. ആദ്യ ദിവസം രാവിലെ എനിക്ക് ഒരു ഓണ്‍സൈറ്റ് കാള്‍ ഉണ്ടായിരുന്നു. പ്രിയ ഒരേ വാശി പുട്ടും പപ്പടവും കഴിച്ചിട്ട് പോയാല്‍ മതി. പുതു മോടിയില്‍ ഞാന്‍ വീണു. കുളിച്ചിട്ടു വന്ന ഞാന്‍ കണ്ടത് അടുക്കളയില്‍ തീയും പുകയും! നോക്കിയപ്പോ ചില സിനിമകളില്‍ ബോംബ് പൊട്ടിയ ശേഷം സലിം കുമാര്‍ നിക്കും പോലെ പ്രിയ കരി പിടിച്ചു നിക്കുന്നു. പപ്പടം വറുത്ത എണ്ണയില്‍ വെള്ളം വീണപ്പോ തീ പിടിച്ചതായിരുന്നു. അന്ന് എന്തൊക്കെയോ മണ്ടത്തരങ്ങള്‍ കാണിച്ചു തീ അണച്ചു. പിന്നെത്തെ പ്രൊജക്റ്റ് ഫര്‍ണിച്ചര്‍ വാങ്ങല്‍ ആയിരുന്നു. പല തരം കടകളില്‍ കേറി ഞങ്ങടെ ചെരുപ്പ് തേഞ്ഞു. അവസാനം ബട്ജെറ്റില്‍ ഒതുങ്ങുന്ന രണ്ടു ചൂരല്‍ കസേര മേടിച്ചു. അതിനു മാച്ചിനു ഒരു ചൂരല്‍ മേശയും വാങ്ങി.
അവിടുന്ന് ഇങ്ങോട്ട് വലിയ സന്തോഷങ്ങളും ചെറിയ കല്ലുകടികളുമായി ഒരാറു കൊല്ലം. ഇതുവരെയുള്ള ഞങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം കുഞ്ചുവെന്ന നാല് വയസ്സുകാരി ആണ്. പിന്നെ ഇനി വരാനിരിക്കുന്ന പാറുകുട്ടിയും. പിന്നെ അത് കഴിഞ്ഞുള്ള അപ്പുകുട്ടനും.. പിന്നെ അത് കഴിഞ്ഞു... (സോറി, എനിക്കിത് മാത്രമല്ല പണി)
ഒരാളോട് പ്രത്യേകം നന്ദി- പിണങ്ങി നിന്ന ഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും കുഞ്ഞികൈ കൊണ്ട് തട്ടി മാറ്റി ഞങ്ങളെ സംരക്ഷിക്കുന്ന ഗുരുവായൂരപ്പനോട്.
പിന്നെ നന്ദി എന്റെയും പ്രിയയുടെയും അച്ഛനമ്മമാര്‍ക്കും. വിശ്വാസങ്ങള്‍ക്ക് മുകളിലാണ് ഞങ്ങളുടെ സ്നേഹം എന്ന് മനസിലാക്കിയതിനു.
Saturday, April 3, 2010
Subscribe to:
Posts (Atom)